Search This Blog

Wednesday, November 16, 2011

ആയുര്‍ രേഖ

എത്ര കാലം ജീവിച്ചു എന്നതല്ല എത്ര ഗുണപരതയോടെ ഈ പ്രപഞ്ചത്തിന്റെ മാറിലൂടെ കടന്നു പോയി എന്നതാണ് ഒരാളുടെ ആയുസ്സിനെ സംബന്ധിക്കുന്ന പ്രസക്തമായ ചോദ്യം. എല്ലാവരും അവരവര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഭൂമിയാണിത്. അതിലെത്ര പേര്‍ക്ക് വീടിന്റെ നാല് ചുവരുകള്‍ക്ക് വെളിയില്‍  പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കണ്ടെത്താന്‍ ആവുന്നുണ്ട്‌? മക്കള്‍ക്ക്‌ ഒരു കുഞ്ഞുടുപ്പു വാങ്ങുമ്പോള്‍ നഗ്നരായ എത്ര കുഞ്ഞുങ്ങളുടെ വിലാപങ്ങള്‍ ഓര്‍ത്തു നടുങ്ങി, അത്താഴം കഴിക്കാനിരുന്നപ്പോള്‍ പട്ടിണി പൊതിഞ്ഞു കെട്ടി ആഹാരമാക്കിയ എത്ര പേരുടെ മുഖങ്ങള്‍ ഓര്‍ത്തു കഴിച്ച ആഹാരം തൊണ്ടയില്‍ കുടുങ്ങി ഇങ്ങനെയുള്ള ചോദ്യങ്ങള്‍ അത്ര നിസ്സാരങ്ങള്‍ ആണോ?


    വേദനയാണ് മനുഷ്യന്റെ സ്ഥായിയായ ഭാവം. പുഞ്ചിരിയെക്കാള്‍ അധികം കണ്ണീരാണ് ഈ ഭൂമിയില്‍ പടരുന്നത്‌. എല്ലാ മുഖങ്ങളിലും പുഞ്ചിരി വിരിയുന്ന ഒരു കാലം അതി മോഹമാകുമോ? വേണ്ട, എല്ലാ മുഖങ്ങളിലും വേണ്ട അടുത്ത് നില്‍ക്കുന്ന ഒരു നൂറു പേരുടെ മനസ്സില്‍ ഒരു പൂക്കാലവും ഇല കൊഴിയാത്ത വസന്തവും സമ്മാനിക്കാന്‍ എനിക്കാവുമോ? 


       ആഘോഷ  തിമിര്‍പ്പുകള്‍ സമ്മാനിച്ച ഒരു ക്രിസ്മസ് കൂടി കടന്നു പോയി. ഒരു പുതിയ വര്‍ഷത്തിലേക്ക് കാലൂന്നാന്‍ കൊതിക്കുന്ന ഒരു മനസ്സോടെ മനുഷ്യര്‍ രണ്ടായിരത്തി പന്ത്രണ്ടിന്റെ പടി വാതില്‍ക്കല്‍.........................../ നില്‍ക്കുന്നു. ആശംസിക്കാന്‍ നല്ലതൊന്നും എന്‍റെ കൈവശമില്ല. ഖേദത്തോടെ......