നിഴലുകള്‍ ചാഞ്ഞുറങ്ങിയ നാട്ടുപാതയിലൂടെ ഒരു ഡിസംബറിന്റെ തണുത്ത അന്തിയില്‍ മിഴികളില്‍ നിറയെ നഗര ഗൌരവത്തിന്റെ സംശയങ്ങളുമായി നിങ്ങള്‍ ഞങ്ങളെ തേടിയെത്തി. എന്നും ചില്ലുമഴ പോലെ കണ്ണീരു പെയ്തിറങ്ങുന്ന ഞങ്ങളുടെ വിരസ ദിനങ്ങളില്‍ നിങ്ങളുടെ സ്നേഹം ഈറന്‍ നിലാവായി. ദൈവം വിദൂരമായ ഒരു ആകാശക്കിനാവല്ലെന്നും ദൈവത്തിനു മനുഷ്യരുടെ ഇടയിലൂടെ സഞ്ചരിക്കാനകുമെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞ ആ സപ്ത ദിനങ്ങള്‍ ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ക്രിസ്മസിന്റെ ദിനങ്ങളായത് യാദൃശ്ചികമാവാനിടയില്ല.ഉവ്വ്. ഈ ദിനങ്ങളില്‍ പലവേള ഞങ്ങള്‍ക്കിടയിലൂടെ അവന്റെ വസ്ത്രമുലയുന്നത് ഞങ്ങള്‍ കണ്ണോടു കണ്ണ് കണ്ടിട്ടുണ്ട്. ഞങ്ങള്‍ അവന്റെ വസ്ത്ര വിളുമ്പില്‍ തൊട്ടിട്ടുണ്ട്, കരങ്ങള്‍ കൂപ്പി നിന്ന് അവന്റെ മൊഴികളെ കേട്ടിട്ടുണ്ട്. നന്ദി, നിങ്ങള്‍ക്കല്ല ദൈവത്തിന്....
പാപ്പാല.മാനവ വംശത്തിന്റെ ആദിമ വിശുദ്ധികളുടെ ഈ ഗ്രാമം എന്റെ ജീവിത വഴികളുടെ ഒഴിവാക്കാന്‍ വയ്യാത്ത ഭാഗമായിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം കഴിയുന്നു. കടുത്ത പട്ടിണിയുടെയും വിട്ടൊഴിയാത്ത മാറാ വ്യാധികളുടെയും ബാന്ധവത്തില്‍ നുറുങ്ങി കഴിയുമ്പോഴും ഒത്തിരിയൊന്നും അവര്‍ തകരുന്നതോ കരയുന്നതോ ഞാന്‍ കണ്ടിട്ടില്ല. പ്രിയപ്പെട്ടവരുടെ ശവക്കുഴിയിലേക്ക് ഒരു പിടി മണ്ണും കൈക്കുടന്ന നിറയെ സൂക്ഷിച്ച പൂക്കളും ഒരു എങ്ങലോടെ വാരിയെരിഞ്ഞിട്ടു ഒരു കട്ടന്‍ ചായയിലെക്കും ഒരു ബീഡിപ്പുകയുടെ നാടന്‍ സുരക്ഷിതത്തിലെക്കും ഒരു ഹാങ്ങോവറും ഇല്ലാതെ അവര്‍ മടങ്ങുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്... എന്റെ രണ്ടു മക്കളെയും കാന്‍സര്‍ കൊണ്ടുപോയച്ചാ, എല്ലാ മാസവും അവരുടെ കുഴിക്കരികെ നമുക്ക് പോയി നില്‍ക്കണം എന്ന് കണ്ണ് നിറയാതെ പറയുന്ന ഒരു അപ്പന് എന്റെ അദ്ഭുതങ്ങളുടെ ഭാഗമാണിപ്പോഴും...
ജീവിതാനുഭവത്തിന്റെ പൊള്ളല്‍ കൊണ്ട് പാകം വന്നു പരുക്കരായ എന്റെ പാപ്പാലക്കാരെയാണ് നിങ്ങള്‍ കരയിച്ചത്. സ്നേഹം കൊണ്ട്... കണ്ടില്ലെന്നു നടിക്കാനാവാത്ത സ്വാഭാവികഭാവങ്ങള്‍ കൊണ്ട്..തീണ്ടലും അയിത്തവും ഇല്ലാത്ത സുകൃതം കൊണ്ട്.. ജനിച്ച നാളു മുതല്‍ ഇങ്ങോട്ട് തങ്ങള്‍ താഴ്ന്നവരാനെന്നു കേട്ട് വളര്‍ന്ന അവരുടെ കാതുകളില്‍ അവര്‍ വലിയവര്‍ ആണെന്ന് ഒരായിരം തവണ പറഞ്ഞും പറയാതെയും നിങ്ങള്‍ കേള്‍പ്പിച്ചപ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു... സത്യം..
ഇനിയെന്നും ഞാന്‍ നിങ്ങളെയോര്‍ക്കും എന്റെ ജപനാഴികകളില്. നിങ്ങള്‍ക്ക് ജന്മം തന്ന മാതാപിതാക്കള്‍ക്ക് മുന്പില് ഞാനെന്റെ കരം കൂപ്പുന്നു. ഹൃദയം കൊണ്ട് ഞാനവരുടെ പാദം തൊടുന്നു. ആദരവോടെ.........